Sunday, November 6, 2022

ആത്മാവ് പകരുമ്പോൾ

നീ നൽകുന്ന....

കരുതലിൻ കരത്തിന്..

ചേർത്തുപ്പിടിക്കലുകൾക്ക്..

കണ്ണീരൊപ്പലുകൾക്ക്..

സംസാരക്കൂട്ടിന്..

അളവറ്റ സൗഹൃദത്തിന്..

സ്നേഹത്തിന്..

ഞാനെന്ത്‌ പകരം നൽകും സഖാവേ..?!


സന്ധ്യകളിലെ ചുവപ്പായി..

രാത്രിയിലെ നക്ഷത്രമായി..

നാളെയെന്ന പ്രതീക്ഷയായി..

സൂര്യകാന്തിയുടെ പ്രണയസൂര്യനായി..

നീ മാറുമ്പോൾ....

ഒരു കാട്ടുപ്പൂവിന്റെ സൗന്ദര്യമായോ..

ചെമ്പകത്തിന്റെ സുഗന്ധമായോ..

വാക ചുവപ്പായോ..

നിന്നിലേക്ക് പടരാൻ

ഞാൻ ശ്രമിക്കാം..!!

October 31st, 2022

നിന്നിലേയ്ക്ക്

നിന്നിലേയ്ക്ക് പടരണം

എനിക്ക്...

നിന്നിലേയ്ക്ക്...

നിന്റെ ചായങ്ങളിലേയ്ക്ക്..

നിന്റെ സ്വപ്നങ്ങളിലേയ്ക്ക്..

നിന്റെ കവിതകളിലേയ്ക്ക്..

നിന്റെ മരുപ്പച്ചകളിലേയ്ക്ക്..

നിന്റെ തണലുകളിലേയ്ക്ക്..

നിന്റെ സന്ധ്യകളിലേയ്ക്ക്..

നിന്റെ നിശ്വാസങ്ങളിലേയ്ക്ക്..

നിന്റെ ആഴങ്ങളിലേയ്ക്ക്..

നിന്റെ ഭ്രാന്തുകളിലേയ്ക്ക്..

നിന്റെ പെരുമഴക്കാലങ്ങളിലേയ്ക്ക്..!

 

30th March, 2022

Monday, June 14, 2021

ഞങ്ങൾ!!

പൂമുഖ വാതിൽക്കൽ

പൂന്തിങ്കളായി നിൽക്കാത്തവരെല്ലാം

തന്നിഷ്ടക്കാരത്തികളാണെന്ന് 

പറഞ്ഞു നടക്കുന്നോർ ഞങ്ങൾ!


'ചെറുപ്പംതൊട്ടേ പരിചയോള്ളയാളെ

കെട്ടിക്കോട്ടേന്ന്' ചോദിച്ചോൾക്ക്,

'ഇന്നലെ നീ ചായ കൊടുത്തയാളുടെ

കൂടെ ശിഷ്ടകാലം'

എന്ന് മറുപടി കൊടുത്തോർ

ഞങ്ങൾ!


ലോകം ചുറ്റാൻ പോയത്

അറിഞ്ഞിരുന്നോന്ന് ചോദിക്കുമ്പോൾ,

'നീയിതുവരെ കെട്ടാത്തതെന്തേ?'

എന്നു മറുചോദ്യം

തൊടുക്കുന്നോർ ഞങ്ങൾ!


ഡോക്ടറേറ്റ് നേടിയവളോട്

'എന്ത് നേടിയിട്ടെന്താ

പാചകം അറിയില്ലല്ലോ'ന്ന്

സഹതപിക്കുന്നോർ ഞങ്ങൾ!


വാതുറക്കുന്ന/ ചോദ്യം ചെയ്യുന്ന

പെണ്ണുങ്ങളുടെ ഇൻബോക്സുകളിൽ

'നീ വെറും പെഴ'യാണെന്ന്

പുച്ഛിക്കുന്നോർ ഞങ്ങൾ!


ഒന്നും മിണ്ടാത്ത സർവംസഹയായ

"പാവങ്ങൾ" ആവണമെന്ന്

ഉപദേശം ചൊല്ലിക്കൊടുക്കുന്നോർ

ഞങ്ങൾ!


'പെണ്ണിനെന്താ കുഴപ്പം'

എന്ന് ചോദിച്ചോൾടെ

ഉണ്ടായിരുന്ന പദവി കൂടി

എടുത്തു കളഞ്ഞോർ ഞങ്ങൾ!


'പള്ളികളിലും അമ്പലങ്ങളിലും

ഞങ്ങൾക്കെന്താ കേറിയാൽ?'

എന്ന് ചോദിച്ചോൾക്ക്

"ഫെമിനിച്ചി പട്ടം" കൊടുത്തോർ

ഞങ്ങൾ!


തുറിച്ചുനോട്ടങ്ങളെ

ചോദ്യം ചെയ്തവളെ,

ഇറക്കം കുറഞ്ഞ കുപ്പായമിട്ടതിനെ

കുറ്റപ്പെടുത്തിയോർ ഞങ്ങൾ!


പലർ ചേർന്നെന്നെ ഉപദ്രവിച്ചുവെന്ന്

പരാതിപ്പെട്ടവളോട്,

സന്ധ്യ കഴിഞ്ഞ് പുറത്തിറങ്ങിയതിനെ

ചോദ്യം ചെയ്തോർ ഞങ്ങൾ!


ഒറ്റയ്ക്ക് ജീവിക്കാൻ

ആഗ്രഹിക്കുന്നോർടെ

തലയ്ക്കെന്തോ തകരാറുണ്ടെന്ന്

വരുത്തി തീർക്കുന്നോർ

ഞങ്ങൾ!


ഞങ്ങൾ.. പുരുഷാധിപത്യത്തിന്റെ

പിന്തലമുറക്കാർ..

ആരും മിണ്ടരുത്!!

ഞങ്ങൾ മിണ്ടും..

ഞങ്ങൾ മാത്രം..!!!

                          (03/06/2021)

Friday, January 22, 2021

തണുപ്പ്

ജീവന്റെ ഇളംചൂട് വിട്ടകന്നതുകൊണ്ടോ,
തണുത്തു മരവിച്ച മോർച്ചറിയിൽ
ആയിരുന്നതുകൊണ്ടോ,
തണുത്തുറഞ്ഞ പെട്ടിയിൽ 
ആളുകൾക്ക് മുമ്പിൽ
ഏറെനേരം കിടന്നതുകൊണ്ടോ,
ആറടി മണ്ണിൽ ഒരിടം കിട്ടിയപ്പോൾ
ചുറ്റുമുള്ള മണ്ണിന്റെ നനവുകൊണ്ടോ,
...എന്തുകൊണ്ടാണ്‌..
..എന്തുകൊണ്ടാണ്‌ മരണത്തിന്
ഇത്രമേൽ തണുപ്പ്...?!

ജീവിച്ചിരുന്നപ്പോൾ സ്വന്തമായി
ഇല്ലാതിരുന്ന ഒരു തുണ്ട് ഭൂമിയും,
മാറിയുടുക്കാൻ ഇല്ലാതിരുന്ന വസ്ത്രങ്ങളും, 
തിരിച്ചു തരാതെ അടുത്ത ജന്മത്തിലേക്കായി
മാറ്റിവച്ച സ്നേഹവും,
എന്തിന് മരണശേഷം എനിക്ക് നീ നൽകി..?
ഭൂമിയുടെ തണുപ്പിലേക്ക് വിടാതെ
കത്തിച്ചുകളയാമായിരുന്നില്ലേ..
നിനക്കെന്നെ?
പുതുവസ്ത്രങ്ങൾക്ക് പകരം ഒരു
പുതപ്പ് തന്നുവിടാമായിരുന്നില്ലേ..?
അത്രമേൽ ഇഷ്ടമായിരുന്നെങ്കിൽ..,
കുഴിമാടത്തിന് അരികെയിരുന്ന്
പൊട്ടിപ്പൊട്ടി കരഞ്ഞതിനു പകരം,
ജീവന്റെ ചൂട് പോവുന്നതിന് മുമ്പ്
ഒരു വട്ടമെങ്കിലും പറഞ്ഞുകൂടായിരുന്നോ..
അടുത്ത ജന്മത്തിലല്ല,
ഈ ജന്മത്തിൽ നമുക്കൊരുമിച്ച്
ഭൂമിയിലൊരു വള്ളിക്കുടിൽ തീർക്കാമെന്ന്...??

                                              (21/01/2021)

Friday, September 25, 2020

Āzādī

സ്വാതന്ത്ര്യം വേണം...!
പൊട്ട് തൊടാൻ.. കണ്ണ് എഴുതാൻ..
കറുകറുത്ത കുപ്പിവളകൾ
കൈ നിറച്ച് ഇടാൻ..
ഇഷ്ടമുള്ളത് മാത്രം ചെയ്യാൻ..
പുറത്തിറങ്ങാൻ...

സന്ധ്യകളിൽ കൂട്ടുകാർക്കൊപ്പം 
ചുമ്മാ കൈകോർത്ത് നടക്കാൻ,
ഭ്രാന്തൻ സ്വപ്നങ്ങൾ പങ്കുവയ്ക്കാൻ..
സൂര്യാസ്തമയങ്ങൾ കണ്ട്
കടൽതീരങ്ങളിൽ കിടക്കാൻ..
രാത്രികളെ ആഘോഷമാക്കാൻ..
സൂര്യനുദിക്കുമ്പോൾ ഉറങ്ങാൻ..
ലോകം മുഴുവൻ ചുറ്റാൻ;
കൂട്ടുകൂടിയും ഒറ്റയ്ക്കും...

പ്രകൃതിയിലേക്ക് ഇറങ്ങാൻ..
കറുത്ത കാടുകളെ പ്രണയിക്കാൻ..
മലമുകളിലേക്ക് ഓടി കയറാൻ..
കിനാവ് കാണാൻ..
ആർത്താർത്തു ചിരിക്കാൻ..
പൊട്ടി കരയാൻ..
കൂവാൻ.. പറക്കാൻ...
സ്വാതന്ത്ര്യം വേണം...!!

                                  (Sept/2020)

Monday, August 17, 2020

കത്ത്

 എന്റെത് മാത്രമായ നിനക്ക്.. ❤️💚🌼

ലോകം പിടിച്ച് കെട്ടിയത് പോലെ നിന്നിട്ട് പതുക്കെ ഒഴുകി തുടങ്ങുന്നതേ ഉള്ളൂ.. ഇതിനിടയിൽ ആണ് നമ്മൾ പരസ്പരം സന്ദേശങ്ങൾ കൈമാറാൻ തുടങ്ങിയത്..🕊️🕊️

വീണ്ടും ലോകത്തിന്റെ കുത്തൊഴുക്കിലേക്ക് നമ്മൾ എറിയപ്പെടുമ്പോൾ സന്ദേശങ്ങളുടെ എണ്ണം കുറഞ്ഞു വരുമോ എന്ന പേടി എനിക്കുണ്ട്.. എങ്കിലും അതിന്റെ തീവ്രത ഒരിക്കലും നഷ്ടപ്പെടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു! 💌💚

എന്നെങ്കിലും ഈ സന്ദേശങ്ങൾ ഓർമ്മകളിൽ മാത്രം ഒതുങ്ങി പോയേക്കും എന്നു ഞാൻ ഭയക്കുന്നുണ്ട്.. എങ്കിലും, നിന്നിലെ ഞാനും എന്നിലെ നീയും മരിക്കാതെ അനശ്വരതയിൽ ജീവിക്കും..💛

ഈ സന്ദേശങ്ങൾ എല്ലാം മായ ആവാം.. അവ ഒരിക്കൽ നിന്നു പോയാലും, നിന്നെ ഒരിക്കൽ ഞാൻ കണ്ടുമുട്ടുമെന്നും അന്ന് നാം ഒരുമിച്ച് കടലുകളിലേക്ക് യാത്രയാവുമെന്നും ഒരായിരം സൂര്യാസ്തമയങ്ങൾ കാണും എന്നും ഞാൻ സ്വപ്നം കാണുന്നു..🌼🍂

ആ സൂര്യാസ്തമയങ്ങൾക്ക് ശേഷമുള്ള സൂര്യോദയങ്ങളിൽ നാമെഴുന്നേറ്റ് ഏഴു മലകൾക്ക് അപ്പുറമുള്ള ഇരുട്ട് നിറഞ്ഞ കറുത്ത കാടുകളിലൂടെ കൈപിടിച്ച് നടക്കും..🖤🍀

മഴ കാണാൻ ആ കാടിറങ്ങി മലയുടെ അടിവാരങ്ങളിൽ നാം താമസമാക്കും..🌸

ആ അടിവാരങ്ങൾ നമുക്കു രാത്രിമഴകൾക്ക് ഒപ്പം ഒത്തിരി കഥകൾ പറഞ്ഞു തരും.. ആ കഥകൾ കേട്ട് നാം ഉറങ്ങും..💕

ആ കഥകൾക്ക് അവസാനം ഉണ്ടാകില്ല.. അങ്ങനെ പറഞ്ഞു തീരാത്ത കഥകളുടെ ഭാരം മനസ്സിൽ പാത്തുവച്ച് നാം ഒരുനാൾ അവിടെനിന്നും യാത്രയാവും..🍁🍁

രണ്ടു വഴികളിലേക്ക്..💔

നമുക്ക് പിന്നെ ജീവിക്കാൻ ആ കാലങ്ങളിലെ ഓർമ്മകൾ മാത്രം മതിയാവും.. അതിന്റെ നിർവൃതിയിൽ നീ ജീവിക്കും.. ഞാനും..🍁🍂

എന്ന്,

നിന്റേത് മാത്രമായ ഞാൻ ❤️🖤🦋

                             (#covid19days,

                                20/06/2020)

Saturday, July 4, 2020

എന്റെ ഇടങ്ങളിലെ മരപ്പെയ്ത്തുകൾ!!

◆എന്റെ ഇടങ്ങളിലെ മരപ്പെയ്ത്തുകൾ!!◆
(മഴയൊന്ന് പെയ്യുമ്പോൾ മരമേഴ് പെയ്യുമത്രേ!)
________________________________________

മഹാഗണി മുത്തശ്ശിമാർ ഒരുക്കിയ മൺപാതകളിലൂടെ വഴിയേതെന്നറിയാതെ അന്തിച്ചുനടന്ന ഡിഗ്രിയിലെ ആദ്യ ദിനങ്ങളിൽ നിന്ന് വിപരീതമായി, ഇന്ന് പിജി കഴിഞ്ഞ് പടിയിറങ്ങുമ്പോൾ, എനിക്ക് ചുറ്റും നിറയെ ചൂണ്ടുപലകകളും കോൺക്രീറ്റ് നിലങ്ങളും.. യൂസി.. നീ മാറേണ്ടിയിരുന്നില്ല..
യൂസിയെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം വരുന്നത് വയലാറിന്റെ വരികൾ ആണ്, " ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി.." എനിക്ക് പ്രണയം ഉണ്ടായിരുന്നില്ലെന്ന് ആരാ പറഞ്ഞത്.. പ്രണയിച്ചത് മുഴുവൻ ഈ ക്യാമ്പസിനെ ആയിരുന്നു എന്ന് മാത്രം..!

UCക്ക് പ്രത്യേകതകൾ ഏറെയാണ്.. യൂസിയുടെ കവാടത്തിലുള്ള പടുകൂറ്റൻ ഇരുമ്പ് ഗേറ്റ്.. ഇഷ്ടിക കൊട്ടാരം പോലെ തലയുയർത്തി നിൽക്കുന്ന VMH (Varkey memorial hall).. രാജാക്കന്മാർ സമ്മാനിച്ച, കുറച്ച് ആഢ്യത്തത്തോട് കൂടി തന്നെ നിൽക്കുന്ന കച്ചേരിമാളിക.. ഓഫീസിനു മുമ്പിലെ ഗാന്ധി മാവ്.. ഗണിതകൂട്ടുകൾ കൂട്ടിച്ചേർത്തു സൃഷ്ടിച്ച മഹാഗണിതം.. ശാന്ത സ്വഭാവമുള്ള, ഇണപ്രാവുകൾക്ക് കൂടൊരുക്കുന്ന ചാപ്പൽ.. ചാപ്പലിന്റെ പുറകിൽ പടർന്ന് പന്തലിച്ച് കിടക്കുന്ന മഹാഗണി മുത്തശ്ശി.. സൗഹൃദത്തിനും പ്രണയത്തിനുമായി തന്റെ പടവുകളെ വിട്ടു കൊടുത്തിരിക്കുന്ന BBC (basketball court).. ഓരോ batchഉം പടിയിറങ്ങുമ്പോൾ വയലറ്റ് പൂക്കൾ പൊഴിക്കുന്ന പേരറിയാ പൂമരങ്ങൾ (ഇനി അഥവാ നിങ്ങൾക്ക് അതിന്റെ പേരാറിയാമെങ്കിലും മിണ്ടണ്ട, എനിക്കതിഷ്ടമല്ല!).. തണൽ മരങ്ങൾകൊണ്ടും അതിന്റെ വേരുകൾ കൊണ്ടും സമ്പന്നമായ, മെയ് മാസത്തിൽ വാകച്ചുവപ്പുള്ള പാതകൾ ഒരുക്കുന്ന CC (cricket court).. വിശക്കുമ്പോൾ മാത്രമല്ല, ചുമ്മാ ഇരുന്ന് സൊള്ളാനും ഞങ്ങൾ ഓടിച്ചെല്ലുന്ന കാന്റീൻ.. Skinnerലേക്കുള്ള വഴിയിലെ തണൽമരങ്ങളും Chackosലേക്കുള്ള വഴിയിലെ മഞ്ചാടി മരവും.. പൊടിമണമുള്ള പുസ്തകങ്ങൾ കൂട്ടിവച്ചിരിക്കുന്ന ലൈബ്രറി.. കല്യാണങ്ങൾക്കും പരീക്ഷകൾക്കും മാത്രം വിട്ടുകൊടുക്കുന്ന 'അന്താരാഷ്ട്ര' ഓഡിറ്റോറിയം Tagore..

യൂസിയിൽ ജീവിച്ച 5 വർഷത്തിലെ ഓരോ ദിനത്തിനും ഓരോ കഥ പറയാനുണ്ട്. ഡിഗ്രി 3rd yearലെ ആർട്‌സ് ഫെസ്റ്റിന് Kiran എന്നെയും Mariaയെയും പിടിച്ച് volunteers ആക്കിയിട്ടും chest no: കൊടുത്ത് announcement ഉം കഴിഞ്ഞ് എല്ലാ പരിപാടിക്കും സ്റ്റേജിന്റെ മുമ്പിൽ പോയി ചമ്രംപടിഞ്ഞിരുന്നു കൂവിയത് (ഈശ്വരാ, ആരുടെയൊക്കെ പ്രാക്ക് കിട്ടിയിട്ടുണ്ടോ ആവോ!).. Union inauguration, College day മുതലായ പരിപാടികൾക്ക് പരിസരം മറന്ന് തുള്ളിയത്, കൂവി പൊളിച്ചത്.. വായ്നോക്കാറുള്ള ചേട്ടന്മാർ കൂടുതലും CMEക്കാർ ആയതുകൊണ്ട് 3 വർഷവും CME department day മുടങ്ങാതെ കൂടിയത്.. ഓണത്തിന് സ്വന്തം departmentൽ പായസം മാത്രം ഉള്ളതുകൊണ്ടും Botany ൽ സൗഹൃദങ്ങൾ കൂടുതൽ ഉള്ളതുകൊണ്ടും Botany departmentന്റെ ഓണസദ്യ പോയി ഉണ്ടത്.. Chemistry ലെ Akhil ഉം Botany ലെ Amal ഉം English ലെ ഞാനും കൂടെ പോയി History department day ക്ക് കപ്പയും മീൻ കറിയും കഴിച്ചത്(എന്തൊരു department സൗഹാർദ്ദം!).. പിന്നെ, Aju മാഷിന്റെ പുസ്തക പ്രകാശന ചടങ്ങിൽ ഷെറി മാഷിന്റെ നേതൃത്വത്തിൽ Safdar Hashmi യുടെ 'Machine' എന്ന നാടകം കിടിലനായി അവതരിപ്പിച്ചപ്പോൾ ഒരു ചെറിയ റോളിൽ ഞാനും ഉണ്ടായിരുന്നത്..

Degree 1st yearലെ Drama festivalൽ East hostel 'മത്സ്യഗന്ധി' അവതരിപ്പിച്ചപ്പോൾ 2 സീനിലേ കേറിയുള്ളുവെങ്കിലും ഉള്ള കൂക്കുവിളി മുഴുവൻ മേടിച്ചുകൂട്ടിയത്.. PG 2nd year ൽ കള്ളു കുടിയനായി കേറിയപ്പോഴും മറിച്ചല്ലായിരുന്നു സ്ഥിതി.. College നവതി ആഘോഷത്തിന്റെ ഭാഗമായി നടന്ന Four-day Exhibition രാത്രിയിൽ അരങ്ങിൽ കഥകളി തകർത്താടുമ്പോൾ backstageൽ ഇരുന്ന് ഞാനും Mariyaയും Hariചേട്ടനും Jintoചേട്ടനും കൂടി 'പ്രണയം-for&against' എന്ന വിഷയത്തിൽ ചർച്ച നടത്തി അടിയുണ്ടാക്കിയത്.. ടഗോറിൽ ആരുടെ കല്യാണം നടന്നാലും അതെന്റെ അമ്മാവന്റെ മോന്റെയാണെന്ന് പറഞ്ഞു പോവുന്ന boysനോടുള്ള അസൂയ മൂത്ത് degree 3rd year ൽ ഞങ്ങളും പോയി ഉണ്ടത്.. ഏതോ ഒരമ്മാവന്റെ മോളുടെ കല്യാണത്തിന്.. പിന്നെ എല്ലാ ദിവസോം ഓരോ കാരണം പറഞ്ഞു 5രൂപ ചോദിച്ചുനടക്കുന്ന ചുപ്രനും യുസിയുടെ മാത്രം പ്രത്യേകതയാണ്..

ചാപ്പലിനെകുറിച്ച് ഓർക്കുമ്പോൾ Englishലുള്ള morning, evening worshipകളെക്കാൾ എനിക്കിഷ്ടം 1st hour ഇല്ലാത്ത ദിവസങ്ങളിൽ ചാപ്പലിൽ പോയി ഒറ്റയ്ക്കിരിക്കുന്നതാണ്.. എവിടുന്നോ കുറച്ചു സമാധാനം കിട്ടും. പിന്നെ സമാധാനം കിട്ടുന്ന ഇടം Library ആണ്.. അവിടെ കിടന്നുറങ്ങിയിട്ടുള്ളതിന് കയ്യും കണക്കുമില്ല.. പക്ഷേ അതുമാത്രമല്ലാട്ടോ.. മാതൃഭൂമി, മാധ്യമം, മലയാളം മുതലായ ആഴ്ചപ്പതിപ്പുകൾ വായിച്ചു തകർത്തിട്ടുള്ളതും അതിലൂടെ കുറെ അറിവ് സമ്പാദിച്ചിട്ടുള്ളതും യൂസിയുടെ ഈ പൊടിമണമുള്ള ലൈബ്രറി മൂലമാണ്.. വന്നവഴിയെ തിരിച്ചിറങ്ങരുതെന്ന് ശാസിച്ചു പുതിയ വഴി കാണിച്ചുതരുന്ന library ലെ ചേട്ടന്മാരെയും ചേച്ചിമാരെയും എപ്പോഴും ഒരു പുഞ്ചിരിയോടെ നമ്മളെ സഹായിക്കാൻ വരുന്ന ലൈബ്രറിയിലെ sirനേയും ഒരിക്കലും മറക്കാനാവില്ല.. പിന്നെ photostats മുതൽ Degree/PG project വരെ ചെയ്യാൻ കട്ടയ്ക്ക് കൂടെ നിൽക്കുന്ന Photostat/internet കടയുള്ള ഞങ്ങടെ സ്വന്തം Anishഏട്ടനും യൂസിക്ക് മാത്രം സ്വന്തം..

Canteenൽ നിന്ന് കാപ്പിയും സിപ്പപ്പും ആണ് കൂടുതൽ കഴിച്ചിട്ടുള്ളതെങ്കിലും വട-സാമ്പാർ കോമ്പിനേഷന്റെ രുചിയും നാവിൽ തന്നെയുണ്ട്. ശാന്തസ്വഭാവക്കാരനായ പ്രദീപേട്ടനും കലപില സംസാരിക്കുന്ന പ്രശാന്തേട്ടനും ആണ് ഞങ്ങളുടെ ഹീറോസ്. കഴിക്കാനല്ലെങ്കിലും ചുമ്മാ പോയി കാന്റീനിൽ ഇരിക്കാറുണ്ട്.. അങ്ങനെ ഇരുന്ന് ലോകകാര്യങ്ങൾ പറഞ്ഞു കാടുകയറി പോകുമ്പോൾ സമയം പോകുന്നത് അറിയുകയേയില്ല.. PG 2nd Yearലെ BBC ഉച്ചയൂണിന്റെ സ്വാദ് ഇപ്പഴും നാവിലുണ്ട്. ഇക്രുവിന്റെ (Irfan) ഉമ്മ കൊടുത്തുവിടുന്ന ഒരു അണ്ടാവു നിറച്ചു ചോറും കറികളും Akshathന്റെ തക്കാളിചോറും , പിന്നെ കുറച്ചു കുട്ടിപ്പട്ടാളങ്ങളുണ്ട് , അവന്മാരുടെ കറികളും ഒക്കെയായിരുന്നു ഞങ്ങൾ hostlersന്റെ ഏക ആശ്വാസം! Strike ഉള്ള ദിവസം യൂസിയിലെ സൗഹൃദങ്ങൾ ഹാജർ വയ്ക്കുന്നത് അടുത്തുളള സെമിനാരിയിലോ (UCeansന്റെ tourist spot ആണ് Portugueseകാർ പണിത collegeന് പുറകിൽ ഉള്ള സെമിനാരി) പുഴയിലോ അല്ലെങ്കിൽ Matha, Madhurya, Seenath മുതലായ തീയേറ്ററുകളിലോ ആയിരിക്കും.

യൂസിയിൽ വൈകുന്നേരങ്ങളിലും രാത്രികളിലും അരങ്ങേറുന്ന പരിപാടികളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നത് കൂടുതലും hostlersനായിരുന്നു. രാത്രിയിലെ film festival കളും basketball tournament കളും ഒക്കെ day scholars ന് കിട്ടാത്ത hostlersന്റെ ഭാഗ്യമായിരുന്നു... Degree ക്ക് 3 വർഷവും മുടങ്ങാതെ കണ്ടുകൊണ്ടിരുന്നതാണ് hockey tournament.. Chackosഉം (boys hostel) Skinnersഉം (girls hostel) bucket, plate , spoon എന്നിവ കൊണ്ടുവന്ന് drum അടിക്കുന്നതും East, West hostel കളുടെ  (girls hostels) ജയ് വിളികളും സ്പോർട്സ്കാരുടെ ആർപ്പുവിളികളും, പിന്നെ യൂസിക്ക് കപ്പ് കിട്ടുമ്പോഴേക്കും ഗ്രൗണ്ടിലേക്ക് ഇറങ്ങിയോടുന്നതും ...അങ്ങനെ hockey യൂസിയുടെ 'ദേശീയ' game ആയി മാറുകയായിരുന്നു... പിന്നെ Malayalam departmentന്റെ ഗദ്ദിക.. രാത്രി 12:30 വരെ ഇരുന്ന് നാടകം കാണുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്.. ആദ്യമായി തെയ്യം കണ്ടതും പിന്നെ volunteer ആയിരുന്ന വർഷങ്ങളിൽ രാത്രി college കാന്റീനിൽ പോയിരുന്ന് ചോറുണ്ടതും പായസം കുടിച്ചതും എല്ലാം ഇനി ഓർമ്മയിൽ മാത്രം.. VMH ന്റെ മുമ്പിൽ openstage കെട്ടി എന്ത് പരിപാടി നടത്തിയാലും ആ ലോണിൽ പോയിരുന്നു പരിപാടി കാണുന്നതാണ് അതിന്റെ ഒരു രസം.. അതിപ്പോ രാത്രിയായാലും പകലായാലും..

ഇനി ഹോസ്റ്റൽ.. പഠിച്ച 5 വർഷവും Eastൽ തന്നെ ആയിരുന്നു.. Arts fest ന് ഓരോ പരിപാടിക്കും 'Easties' എന്ന പേരിൽ പേര് കൊടുക്കുമ്പോഴും സമ്മാനം കിട്ടുമ്പോഴും ഒക്കെ ഭയങ്കര സ്പിരിറ്റ് ആയിരുന്നു.. East എന്ന നാല്ക്കെട്ടിന്റെ നടുമുറ്റത്തെ സിമന്റ്ബെഞ്ചിൽ കിടന്ന് degree ക്ക് ഞാനും Mariya യും Jesnaയും പറഞ്ഞ കഥകൾക്ക് അന്തോം കുന്തോമില്ല.. PG ക്ക് Ansu വിന്റെ മടിയിൽ കിടന്ന് പാതിരാത്രി "ആർദ്രമി ധനുമാസം.." കവിത കേൾക്കുന്നത്.. രാത്രി രണ്ട്-മൂന്ന് മണി വരെ ഇരുന്ന് Christyയും Keetha (keerthy)യും ഞാനും കൂടെ ഇന്നത്തെ സമ്പ്രദായങ്ങളെ മുഴുവൻ ചീത്തവിളിച്ചത് .. ഹോസ്റ്റൽ രാത്രികളിൽ വിപ്ലവവും കവിതയും കഥയും പങ്കുവച്ചത്.. പിന്നെ രാത്രി 2 മണിക്ക് Ansuനെ കൊണ്ട് കാപ്പി ഉണ്ടാക്കിക്കുന്നതും ജോസൂട്ടിയുടെ (Annmaria Jose) കൂടെ റജി മിസ്സ് അറിയാതെ മാങ്ങ പറിച്ച് ഉപ്പും മുളകും കൂട്ടി അടിക്കുന്നതും.. ഹോസ്റ്റലിലെ പ്രോഗ്രാമിന് ഓരോ കോലം കെട്ടി സ്റ്റേജിൽ കയറുന്നത് (ഹോ! കണ്ടുനിൽക്കുന്നവർ പോലും സഹിക്കില്ല).. Servants' day ക്ക് mess ൽ കേറി ഭക്ഷണം ഉണ്ടാക്കുന്നത്.. (Messൽ എപ്പഴും പുഞ്ചിരിയോടെ നിൽക്കുന്ന ആശ ചേച്ചിയെ ഒരിക്കലും മറക്കില്ല..) എല്ലാ വർഷോം ചെറായിക്കും ആലുവ ശിവരാത്രി മണപ്പുറത്തും സന്ധ്യക്ക് പോവുന്നത്.. പിന്നെ PG 2nd year ലെ മൂന്നാർ tripൽ tour coordinator ആയത് ചത്താലും മറക്കില്ല.. കാശ് പിരിക്കുന്നതിന്റെ വിഷമവും coordinator ആയാൽ tour കഴിയുന്നവരെ full tension ആയിരിക്കും എന്നും അന്ന് മനസ്സിലായി.. പിന്നെ roommates ന്റെ ഒപ്പമുള്ള food അടിയും തരികിട പരിപാടികളും wardenന്റെ ചീത്തവിളിയും- സ്ഥിരം സംഭവങ്ങൾ.. Study leaveകൾ ഹോസ്റ്റലിൽ ആഘോഷമായാണ് കൊണ്ടാടുന്നത്.. Degreeക്ക് ഒട്ടും പറ്റാത്തത് രാവിലെ 5:30ക്കുള്ള study bell ആയിരുന്നു..പുസ്തകോം കയ്യിൽ പിടിച്ച് ഇരുന്നുറങ്ങാൻ പഠിച്ചത്‌ ആ study time മൂലമാണ്.. ഇനിയുമുണ്ട് girls hostelലെ വിശേഷങ്ങൾ. Girls hostelലെ കുട്ടികൾക്ക് മാത്രം phone time ഒരു മണിക്കൂർ.. day scholars നും boys hostel ലെ കുട്ടികൾക്കും എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം! ആൺകുട്ട്യോള് വഴി തെറ്റിയാലും കുഴപ്പമില്ല, പെൺകുട്ട്യോള് വഴി തെറ്റാൻ പാടില്ല..!!

ഗുരുക്കന്മാർ.. ഞാനിപ്പോൾ എന്താണോ അത് യൂസിയിലെ ചില അധ്യാപകരുടെ സ്വാധീനം മൂലം കൂടിയാണ്.. ഞാൻ സ്വപ്നം കാണാൻ തുടങ്ങിയത്.. ചിന്തിക്കാൻ തുടങ്ങിയത്.. വിപ്ലവം പറയാൻ തുടങ്ങിയത്.. അങ്ങനെ എല്ലാം.. അജു മാഷ്- ഷെറി മാഷ് കൂട്ടുക്കെട്ടിന്റെ സിനിമയുടെയും ഫോക്‌ലോറിന്റെയും ക്ലാസ്സുകൾ.. മർക്കോസ് സാറിന്റെ ശാകുന്തളം ക്ലാസ്.. പിന്നെ എന്ത് വിഷമം ഉണ്ടെങ്കിലും ഓടിച്ചെന്നു പറയാൻ പറ്റുന്ന John Thomas sir.. കുട്ടികളെ കൂട്ടുകാരായി കാണുന്ന ചില അധ്യാപകർ.. സിനിമകളെ ഇഷ്ടപ്പെടാൻ തുടങ്ങിയതും അറിയാൻ തുടങ്ങിയതും യൂസിയിൽ വന്നതിനു ശേഷമാണ്.. പ്രത്യേകിച്ച് എനിക്ക് കുറെ നല്ല സിനിമകൾ പരിചയപ്പെടുത്തി തന്ന Neemaയും Christyയും .. കവിത ഇഷ്ടപ്പെട്ട് തുടങ്ങിയതും കവിത എന്ന പേരിൽ എന്തൊക്കെയോ കുത്തിക്കുറിക്കാൻ തുടങ്ങിയതും യൂസി കാരണമാണ്‌.. Muse miss ഇടയ്ക്ക് പറയും, "നീയൊരു പെരുങ്കള്ളിയാണ്, ഇത്രയും വിപ്ലവം ഉള്ളിൽ ഉണ്ടെന്ന് കണ്ടാൽ പറയില്ല" എന്ന്.

യൂസിയിൽ എനിക്ക് പാർട്ടി രാഷ്ട്രീയം ഇല്ലായിരുന്നു. എന്റെ അടുത്ത സുഹൃത്തുക്കളിൽ കുറെ പേർ ABVPക്കാർ ആയിരുന്നു.. party നോക്കി ഇതുവരെ vote പിടിച്ചിട്ടില്ല.. vote ചെയ്തിട്ടും ഇല്ല. SFI യുടെ പ്രകടനത്തിന് ഇറങ്ങിയിട്ടുണ്ട്, ABVP കാരുടെ കൂടെ 1st years നെ സ്വാഗതം ചെയ്യാൻ gateന് മുമ്പിൽ മധുരവുമായി നിന്നിട്ടുണ്ട്, KSU ലും AISF ലും സുഹൃത്തുക്കളും ഉണ്ട്.. എന്തിനേറെ പറയുന്നു സ്വതന്ത്രസ്ഥാനാർഥികൾക്ക് വേണ്ടിയും campaign ചെയ്തിട്ടുണ്ട്.. ഇതൊന്നും party നോക്കിയല്ല; സൗഹൃദം നോക്കിയാണ്! Election collegeന് മാത്രമല്ല ഹോസ്റ്റലുകൾക്കും ഒരു ഉത്സവമാണ്.. election time ൽ ഹോസ്റ്റലിലും ഉണ്ടാവും panel എഴുത്തും chart വരയ്ക്കലും എല്ലാം. Meet the candidate ന് നമ്മുടെ സുഹൃത്തുക്കൾ പ്രസംഗം പറയുമ്പോ 'വെള്ളി' വീഴല്ലേന്ന് നെഞ്ചിടിപ്പോടെ പ്രാർത്ഥിച്ചോണ്ട് ആയിരിക്കും ലോണിൽ ഇരിക്കുന്നത്! വോട്ടെണ്ണൽ NR(block)ൽ നടക്കുമ്പോൾ ഒന്നും മിണ്ടാതെ ചങ്കു കത്തി താഴെ നിൽക്കും.. അതൊരൊന്നൊന്നര കാത്തുനിൽപ്പാണ് മക്കളേ.. കൂടെ നിന്നവർ ജയിച്ചിട്ടുണ്ട്, തോറ്റിട്ടുണ്ട്.. സന്തോഷോം സങ്കടോം ഒക്കെ ഇടകലർന്ന ഒരനുഭവം! Election ban ചെയ്ത വർഷം UCeans എല്ലാം കൊടിയുടെ നിറം നോക്കാതെ ഒറ്റക്കെട്ടായി നിന്ന് മുദ്രാവാക്യം വിളിച്ചത് ഇന്നും ഓർമ്മയിൽ തെളിഞ്ഞുകിടപ്പുണ്ട്.. Yearly batch ഉണ്ടായിരുന്നപ്പോൾ ഉള്ള പാർട്ടിക്ക് പുറത്തെ കൂട്ടുക്കെട്ടുകൾ ഇപ്പോൾ കുറഞ്ഞുകൊണ്ട് ഇരിക്കുകയാണെന്നുള്ളത് ഒരു സങ്കടകരമായ കാര്യമാണ്!

ഡിഗ്രിക്ക് ആയാലും പിജിക്ക് ആയാലും കൃത്യം 9:30ക്കേ ഹോസ്റ്റലിൽനിന്ന് ഇറങ്ങാറുള്ളൂ.. ക്ലാസ്സിൽ ചെന്ന് കേറുമ്പോഴേ teachersന്റെ വക ഒരു നോട്ടം;'നിനക്കൊന്നും ഹോസ്റ്റലിൽനിന്ന് ബസ് കിട്ടി കാണില്ല, ല്ലേ?' എന്നാണതിന്റെ അർത്ഥം. ഡിഗ്രിക്ക് ക്ലാസ്സിൽ ഇരുന്നുറങ്ങിയാൽ teachers കാണില്ലായിരുന്നുവെങ്കിലും പിജിക്ക് വന്നപ്പോൾ ആ സ്ഥിതി മാറി.. ഉറങ്ങി വീഴുന്നതിന് എന്നും പൊക്കും! ഞാൻ ഉറങ്ങി വീഴാറാവുമ്പോ ജോസൂട്ടി (Annmaria) എന്നെ പേന വച്ച് കുത്തും; അവൾ ഉറങ്ങി വീഴാറാവുമ്പോ ഞാൻ അവളെ നുള്ളും.. Alwin മാഷിന്റെ ക്ലാസ്സിൽ മാത്രമാണ് ഉറങ്ങാതിരുന്നിട്ടുള്ളത്.. Homi Bhabha യുടെയും Stuart Hallന്റെയും കടിച്ചാൽ പൊട്ടാത്ത essay ആണ് എടുക്കുന്നതെങ്കിലും നാട്ടുകാര്യോം വീട്ടുകാര്യോം ഇടയിൽ കയറ്റി പിള്ളേരെ ഉറങ്ങാതെ പിടിച്ചിരുത്താൻ മാഷിനേ കഴിയൂ.. പിന്നെ അടുപ്പം തോന്നിട്ടുള്ളത് മനസ്സു നിറയെ ആത്മാർഥതയും അതുപോലെ കുട്ടിത്തവുമുള്ള Akhila മിസ്സിനോടും എപ്പോഴും ഒരു പുഞ്ചിരി കാത്തുസൂക്ഷിക്കുന്ന Sheenu മിസ്സിനോടും ആണ്..

ഇനി യൂസി എനിക്ക് സമ്മാനിച്ച സൗഹൃദങ്ങളിൽ ചിലത്.. ഡിഗ്രിക്ക് ക്ലാസ്സിനു പുറത്തായിരുന്നു കൂട്ടുകാർ മുഴുവനെങ്കിലും ക്ലാസ്സിലെ കുറച്ച് സൗഹൃദകൂട്ടുകളെ മറക്കാൻ ആവില്ല.. Mariaയും ഞാനും മുഴുവട്ടും അരവട്ടും ആയി നടന്ന ഡിഗ്രിയിലെ 3 വർഷങ്ങൾ.. കോളേജ് life എന്താന്ന് ആദ്യമായി അറിഞ്ഞത് അവൾ കൂടെയുണ്ടായിരുന്നത് കൊണ്ടായിരുന്നു. സ്വന്തം department English ആയിരുന്നുവെങ്കിലും Botany departmentന്റെ പടവുകൾ കയറാനായിരുന്നു കൂടുതൽ ഇഷ്ടം! സൗഹൃദങ്ങൾ കൂടുതലും അവിടെയായിരുന്നു.. 'ഇക്രു' എന്ന വട്ടപ്പേര് നെഞ്ചിലേറ്റി നടക്കുന്ന ഞങ്ങളുടെ അന്നദാതാവായ, 'സ്വതന്ത്ര സ്ഥാനാർഥി' Irfan, FB ൽ സ്വന്തം ഫോട്ടോ maximum edit ചെയ്ത് ഓരോ മിനിറ്റിലും മാറ്റുന്ന , വാ തുറന്നാ 'കള്ളപന്നി' ന്ന് വിളിച്ചു തുടങ്ങുന്ന Appu (Lithin), കസ്തൂരിമാൻ സിനിമയിൽ കുഞ്ചാക്കോ ബോബന്റെ പേരിന്റെ അറ്റത്ത് മാത്രമുള്ള alukkas പോലെ പേരിന്റെ അറ്റത്ത് മാത്രം Kallens ഉള്ള ശരിക്കുള്ള Kallens jewellery ആയി മുള്ളിതെറിച്ച ബന്ധം മാത്രമുള്ള Achu Kallens, കണ്ടാൽ അജാനുബാഹുവായി തോന്നുവെങ്കിലും വായിൽ നിന്ന് 'വെള്ളി' മാത്രം വീഴുന്ന ഞങ്ങളുടെ സ്വന്തം 'വെള്ളിമൂങ്ങ' Amal Mohan.. Botany ൽ നിന്ന് അങ്ങനെ കുറെയുണ്ട് കുട്ടിപിശാചുക്കൾ..!

PGക്ക് ബോറടിച്ച് ചാകുവല്ലോന്ന് ഓർത്തിരിക്കുമ്പോൾ ദേ വരുന്നു... 'തുത്തുരൂസ്'..!! അവരില്ലെങ്കിൽ ഞാനില്ല എന്നു തന്നെ പറയാം! ഒരേപോലെ ചിന്തിക്കുന്ന.. ഒരേ വട്ടത്തരങ്ങൾ പറയുന്ന..ഒരേ കുരുത്തക്കേടുകൾ ഒപ്പിക്കുന്ന.. ഞങ്ങൾ 11 പേർ.. ഈ പെണ്‍പട ഇറങ്ങിയിട്ട് വേണം East hostel ചാണകവെള്ളം തളിച്ച് ശുദ്ധിയാക്കാൻ എന്ന് സ്ഥിരം പറയാറുണ്ട് warden Raji ms..
Literature ക്ലാസ്സുകൾ ബോറടിക്കുമ്പോൾ കാന്റീനിൽനിന്ന് കാപ്പിയും കുടിച്ച് സെമിനാരിയിലേക്ക് നടക്കാനിറങ്ങുന്ന, University exam ആണേലും college program ഉണ്ടേൽ കൂടെ തുള്ളാൻ വരുന്ന, campusൽ കൂടെ വായ്നോക്കാൻ കൂട്ട് വരുന്ന, എന്റെ twin Josutty (Annmaria Jose); Depression വരുമ്പോ ഓടി ചെല്ലാൻ പറ്റുന്ന, രാത്രി 2 മണിക്ക് 'ഇനീപ്പോ കുളിക്കണോ' ന്ന് ചോദിച്ചു കട്ടിലിൽ കേറി കിടക്കുന്ന, വാ തുറന്നാ വെള്ളി മാത്രം വീഴുന്ന ഞങ്ങടെ Ansu തള്ള; അറിയാത്ത വഴികളിലൂടെ നടക്കാൻ കൂടുന്ന, അടുത്ത് പറ്റിപ്പിടിച്ച് ഉറങ്ങാൻ റൂമിൽ വരുന്ന എന്തിനും ഏതിനും ഒപ്പം ഉണ്ടാവുന്ന, പുസ്തക മണമുള്ള കിടിലൻ എഴുത്തുകാരി Christy; രാത്രിയിൽ ഇരുന്ന് വിപ്ലവം പറയാൻ കൂടുന്ന, പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞിട്ടുള്ള (literally), നാടകങ്ങളേയും സിനിമകളെയും യാത്രകളെയും ഒത്തിരി ഇഷ്ടപ്പെടുന്ന,  ഞങ്ങടെ മടിച്ചി Keetha (Keerthy); വായു ഭക്ഷിച്ച് ജീവിക്കാൻ ഇഷ്ടപ്പെടുന്ന, എല്ലാരേം ഒത്തിരി care ചെയ്യുന്ന, Diary നിറയെ കവിതാസമാഹാരം ഉള്ള ഞങ്ങടെ Sylvia Plath എഴുത്തുകാരി Littus(Litty); ആഴ്ചയാവസാനം വീട്ടിൽ പോകുമ്പോൾ വാതോരാതെ സംസാരിച്ചുള്ള ബസ് യാത്രകളിലെ കൂട്ടാളി, സിനിമ dialogues ക്കെ ഇടയ്ക്ക് എടുത്തിട്ട് പ്രയോഗിക്കുന്ന, ഞങ്ങടെ scientist, എന്റെ നാട്ടുകാരി Bunnys(Bini); Ansuനെ സ്ഥിരം ചീത്ത വിളിച്ച് നേരെയാക്കാൻ വൃഥാ പരിശ്രമിക്കുന്ന, വയറിന് ലേശം അസ്കിതയുള്ള, ഞങ്ങടെ കാഞ്ഞിരപ്പള്ളികാരി അച്ചായത്തി Celu(Celin); വെളുപ്പിനെ 4 മണി വരെ ഒരു കഥയുടെ ബാക്കി അറിയാൻ ഞങ്ങളെ മുൾമുനയിൽ ഇരുത്തിട്ട് ഇതൊക്കെ ചുമ്മാ പറഞ്ഞതാന്ന് ഒരു മനുഷ്യപ്പറ്റുമില്ലാതെ പറഞ്ഞ, ഞങ്ങടെ കിടിലൻ പാട്ടുകാരി Priyu(Priyana); ഞങ്ങടെ കൂട്ടത്തിലുള്ള ഒരേയൊരു നല്ല കുട്ടി, മറ്റുള്ളോർക്ക് ഒത്തിരി സ്നേഹം കാത്തുവയ്ക്കുന്ന, പാട്ടുകാരി Kripa; ആദ്യം കുറച്ചുനാൾ ഹോസ്റ്റലിൽ ഉണ്ടായിരുന്നേലും പിന്നെ collegeന് അടുത്തൊരു വീട്ടിലേക്ക് മാറിയതൊണ്ട് അവിടെ പോയി food അടിക്കാൻ ഞങ്ങൾക്ക് അവസരമൊരുക്കിയ, എപ്പോഴും foreign chocolates തരുന്ന Supru(Supriya).. അങ്ങനെ ഞങ്ങൾ 11 പേർ.....! അവസാന ദിവസം രാത്രി കൊതിമൂത്ത് ആരുമറിയാതെ Hostel terrace ൽ പോയി മൂടിപ്പുതച്ച് കിടന്നത് ഒരിക്കലും മറക്കാൻ പറ്റില്ല.. വെളുപ്പിനെ മഴ പൊടിഞ്ഞു തുടങ്ങിയപ്പോൾ Ansuന്റെ റൂമിലേക്ക് ഓടിയതും വീണ്ടും അഭയാർത്ഥികളെപ്പോലെ ആ നിലത്ത് കിടന്നുറങ്ങിതും..!

പിന്നെയുള്ളവർ.. യൂസിയിലെ ഏത് ആഘോഷങ്ങൾക്കും  തന്റെ ഡോലക്ക് കൊട്ടി യൂസിയൻസിനെ ഉത്സവഹരിയിലാക്കുന്ന 'Rimpo', (kunju)Vishnu; "ചേച്ചി.. വീട്ടീന്ന് വന്നിട്ട് എന്താ കഴിക്കാൻ കൊണ്ടുവന്നെ"ന്ന് ചോദിക്കുന്ന അവസാനനിമിഷം കിട്ടിയ അനിയൻ ചെക്കൻ, Historyയിലെ Shiva; "ഇപ്പ വരാം" ന്ന് പറഞ്ഞിട്ട് നമ്മളെ ഒരു ദിവസം full പോസ്റ്റ് ആക്കുന്ന സിനിമകളെ ഒത്തിരി ഇഷ്ടപ്പെടുന്ന ചുവപ്പിന്റെ കൂട്ടുകാരൻ Anurag; കണ്ടാൽ 'എടി ചേച്ചി'ന്നോ 'ആനേ'ന്നോ വളരെ 'ബഹുമാനത്തോടെ' വിളിക്കുന്ന Sivaprasad; കഴുത്തിൽ കത്തി വച്ച് എന്നെക്കൊണ്ട് കഴിഞ്ഞ magazine ൽ ലേഖനമെഴുതിച്ച പ്രശസ്തി ആഗ്രഹികാത്ത യൂസിയുടെ സ്വന്തം കാരണവർ Sudhi ചേട്ടൻ; കാന്റീനിലെ വരാന്തയിലിരുന്ന് എന്റെ കഥകളും മണ്ടത്തരങ്ങളും മുഴുവൻ ക്ഷമയോടെ കേൾക്കുന്ന അറിയപ്പെടാത്ത കവിയും ചിത്രകാരനുമായ Mathaayi; പിന്നെ, ഒരേ wavelength തോന്നിയിട്ടുള്ള, ഏത് വിഷമഘട്ടത്തിലും ഒപ്പംനിന്ന് positive energy തരുന്ന, എന്റെ positivity, Akhil Mohan..
ഇനിയുമുണ്ട് ഒത്തിരി ഒത്തിരിപ്പേർ.. യൂസി സമ്മാനിച്ച ചങ്കിൽ നിന്ന് പറിച്ചു കളയാൻ പറ്റാത്ത സൗഹൃദങ്ങൾ.. പകരംവയ്ക്കാൻ കഴിയാത്ത സുഹൃത്ബന്ധങ്ങൾ...!

യൂസി... ഇതെല്ലാം ഉപേക്ഷിച്ച് ഞാൻ പോവുകയാണ്.. ഇവിടെയുള്ള മഹാഗണി തണലും  മണ്‍വഴികളും മഴമരങ്ങളും മഞ്ചാടിമണികളും വാകച്ചുവപ്പും വിട്ട് ഞാൻ പടിയിറങ്ങുകയാണ്..
എങ്കിലും യൂസി.. നിന്നെ വിട്ടുപോകാൻ മടിക്കുന്ന എന്റെ മനസ്സിനെ ഞാൻ ഇവിടെയിട്ടേച്ച് പോകുന്നു; മഴയുള്ള വൈകുന്നേരങ്ങളിൽ ഒരു ചൂടുകാപ്പിയും കുടിച്ച് കാന്റീനിൽ ചുമ്മാ ഇരുന്ന് പറഞ്ഞുതീരാത്ത കഥകൾ പറയാൻ..!!

 (ഇനിയുമുണ്ട് ഒത്തിരി കഥകൾ.. ഒത്തിരി ആളുകൾ.. ഒത്തിരി ഓർമ്മകൾ.. This is just a preface to my UCean life!)
Union Christian College, Aluva;
September, 2015.

Monday, April 15, 2019

കടം

നിന്നോടുള്ള കടം
കുറച്ചെങ്കിലും വീട്ടിയത് കൊണ്ടാവും
കണ്ണ് മഴയായി ഇന്ന് മാറിയത്...
പെയ്തത്............

ഇന്ന് കരയാം..
പെരുത്ത സന്തോഷം കാരണം.
അടുത്ത ജന്മത്തിൽ
മഴയായി ഞാൻ വരും...
അന്ന് പുഴയായി കാത്തിരിക്ക്...!

                                     (20/03/2019)

Wednesday, May 30, 2018

സർവ്വജനത്തിനുമുണ്ടാകുവാനുള്ളൊരു മഹാസന്തോഷം

അവർ കാത്തിരുന്നു,
ആ മഹാസന്തോഷത്തിനായി.
സ്വർണ്ണരഥത്തിലേറി വരുന്ന
ആ രാജകുമാരനായി.
അവർ കാത്തിരുന്നു,
വിശാലമായ കൊട്ടാരക്കെട്ടുകളുടെ
നടുവിൽ
പരിചാരകരുടെ മദ്ധ്യത്തിൽ
സപ്രമഞ്ചക്കട്ടിലിൽ
ജനിച്ചുവീഴുന്ന
ആ രാജകുമാരനെ.
അവർ സ്വപ്നം കണ്ടു,
അവന്റെ രാജ്യവും
ലൗകീക സുഖങ്ങളും.
ഇന്നും തുടരുന്നു,
ആ കാത്തിരിപ്പ്.

എന്നാൽ,
ഇടമില്ലാത്തവരെ ചവിട്ടിത്തേയ്ക്കുമ്പോൾ
ഇടങ്ങൾ അനേകമുള്ള അവർ
തിരിച്ചറിയുന്നില്ല,
ആ മഹാസന്തോഷം
അവരുടെ ഇടയിൽത്തന്നെ
ഉണ്ടെന്ന്..
ആ രാജകുമാരൻ പണ്ടേ ജനിച്ചുവെന്ന്...
അവരുടെ ഇടയിൽ,
പല പല പുൽക്കൂടുകളിൽ,
കന്നുകാലികളുടെ നടുവിൽ,
ആനയും അമ്പാരിയുമില്ലാതെ,
ഒരു മരപ്പണിക്കാരന്റെ ദയവിൽ,
ഒരു കന്യകയുടെ മകനായി,
അവൻ എപ്പൊഴേ ജനിച്ചുകഴിഞ്ഞു...

അന്ധർക്ക് കണ്ണായി,
ബധിരർക്ക് ചെവിയായി,
മൂകർക്ക് സ്വരമായി,
ഇടമില്ലാത്തവർക്ക് ഇടമായി...
എന്നിട്ടും,
അവർ അവനെ അറിഞ്ഞില്ല!
ഇനിയെങ്കിലും തുറക്കൂ,
മൂടിപ്പോയ നിന്റെ ആ കണ്ണുകൾ..
സ്വർണ്ണരഥത്തിലല്ല,
കൊട്ടാരക്കെട്ടുകളിലും അല്ല,
മറിച്ച്,
പുൽക്കൂടുകളിലാണ് അവനെന്ന്!!
                                                   (07/10/2017)

Saturday, July 29, 2017

ഗന്ധം

നിന്റെ മെസേജ് ഇൻബോക്സിൽ
ഞാൻ കുറിച്ചിട്ട ഓരോ വരികൾക്കും
ഓരോ ഗന്ധമാണ്...
ചിലതിന്‌
ചിറകരിയപ്പെട്ടപ്പോൾ
പൊടിഞ്ഞ രക്തത്തിന്റെ..
ചിലതിന്‌
കരിഞ്ഞുപോയ
സ്വപ്നങ്ങളുടെ..
ചിലതിന്‌
പറയാൻ ബാക്കിവച്ച
ചിതലരിച്ച കഥകളുടെ..
എന്റേതുമാത്രമായിരുന്ന
ആ ഗന്ധങ്ങൾ,
ഇനി നിന്റേതും കൂടിയാകട്ടെ!
                                            (09/05/2017)

പണയം!

ആകെയുണ്ടായിരുന്ന
ഒരേയൊരു ഹൃദയം 
പണയത്തിലാണിഷ്ടാ...
അതാണ്,
നീ ചങ്കുപറിച്ചു തന്നിട്ടും 
ചെമ്പരത്തിപ്പൂവാണെന്ന്
ഞാൻ പറഞ്ഞത്!
                               (18/04/2017)

ആത്മാവ് പകരുമ്പോൾ

നീ നൽകുന്ന.... കരുതലിൻ കരത്തിന്.. ചേർത്തുപ്പിടിക്കലുകൾക്ക്.. കണ്ണീരൊപ്പലുകൾക്ക്.. സംസാരക്കൂട്ടിന്.. അളവറ്റ സൗഹൃദത്തിന്.. സ്നേഹത്തിന്.. ഞാനെന...